PhonePe Blogs Main Featured Image

Trust & Safety

വളരുന്ന തൊഴിൽ തട്ടിപ്പ്: തട്ടിപ്പുകാർ എങ്ങനെയാണ് തൊഴിലന്വേഷകരെ വഞ്ചിക്കുന്നത്

PhonePe Regional|4 min read|27 January, 2025

URL copied to clipboard

ഇന്നത്തെ ലോകത്ത്, ജോലി അവസരങ്ങൾക്ക് ആവശ്യക്കാർ കൂടുകയും തൊഴിലന്വേഷകർക്ക്  പെട്ടെന്ന് ഒരു ജോലി നേടാനുള്ള സമ്മർദ്ദം വർധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ മേഖലയിലും തട്ടിപ്പുകളും വഞ്ചനകളും നടക്കുന്നുണ്ട്. ഇത്തരം തൊഴിൽ തട്ടിപ്പുകളുടെ ഏറ്റവും ആശങ്കാജനകമായ വശങ്ങളിലൊന്ന്, ഔദ്യോഗികമെന്ന് തോന്നിക്കുന്ന വ്യാജ ഇമെയിൽ ഹാൻഡ്ലറുകളുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും ഉപയോഗമാണ്. വ്യക്തികളെ വഞ്ചിച്ച് അവരുടെ പണം തട്ടിയെടുക്കുന്നതിനായി തട്ടിപ്പുകാർ കൂടുതലായി ഇവയെ ഇപ്പോൾ ഉപയോഗപ്പെടുത്തുകയാണ്.

റിമോട്ട് ജോലികളിലുണ്ടായ വർധനയും ഉയർന്ന തൊഴിലില്ലായ്മ നിരക്കും തൊഴിൽ തട്ടിപ്പുകൾ കൂടുന്നതിന് കാരണമായിട്ടുണ്ട്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി(CMIE)യുടെ  ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2024 സെപ്റ്റംബറിൽ  രാജ്യത്തുടനീളം ശരാശരി തൊഴിലില്ലായ്മ നിരക്ക് 7.8% ആയിരുന്നു. ഒരു ജോലി കിട്ടുന്നതിനായി പരക്കം പായുന്ന തൊഴിലന്വേഷകരെ ഈ അവസ്ഥ തട്ടിപ്പുകാരുടെ വലയിൽ വീഴിക്കുന്നു.

വ്യാജ ഇമെയിൽ ഹാൻഡ്‌ലർമാരുടെ വർദ്ധനവ്

തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഏറ്റവും വഞ്ചനാപരമായ രീതികളിൽ ഒന്ന് നിയമാനുസൃതമായ കോർപ്പറേറ്റ് വിലാസങ്ങളുമായി വളരെയധികം സാമ്യമുള്ള ഇമെയിൽ വിലാസങ്ങൾ സൃഷ്ടിക്കുക എന്നതാണ്. ഈ ഇമെയിൽ ഹാൻഡ്‌ലർമാർ പലപ്പോഴും അറിയപ്പെടുന്ന ഒരു കമ്പനിയുടെ പേര് അനുകരിക്കുന്നു. അങ്ങനെ നിഷ്കളങ്കരായ തൊഴിലന്വേഷകരെ അവർ ഒരു പ്രശസ്ത സ്ഥാപനത്തിൽ നിന്നുള്ള ഒരു റിക്രൂട്ടറുമായി ആശയവിനിമയം നടത്തുകയാണെന്ന് വിശ്വസിപ്പിക്കുന്നു.

ഉദാഹരണത്തിന്, ഒരു തട്ടിപ്പുകാരൻ [email protected] അല്ലെങ്കിൽ [email protected] പോലുള്ള ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ചേക്കാം, അത് ഒരു യഥാർത്ഥ കോർപ്പറേറ്റ് ഇമെയിൽ വിലാസത്തിന് ഏതാണ്ട് സമാനമായി കാണപ്പെടുന്നു. പലപ്പോഴും, ഈ ഇമെയിലുകൾ ആധികാരികമായി തോന്നിക്കുന്ന തരത്തിലായിരിക്കും രൂപകല്പന ചെയ്തിട്ടുണ്ടാകുക. അതിൽ ഔദ്യോഗിക കമ്പനി ലോഗോകൾ, വിലാസങ്ങൾ, ഔപചാരിക ആശയവിനിമയത്തിന് അനുയോജ്യമായ പ്രൊഫഷണൽ ഭാഷ എന്നിവ ഉൾപ്പെടുന്നു.

അവർ പറ്റിക്കാൻ ശ്രമിക്കുന്ന ജോലി അപേക്ഷരുടെ മേഖലയുമായി ബന്ധപ്പെട്ട  ഓൺലൈൻ അഭിമുഖ പരീക്ഷകൾ തയ്യാറാക്കാൻ തട്ടിപ്പുകാർ അങ്ങേയറ്റത്തെ പരിശ്രമമാണ് നടത്താറുള്ളത്. ഇത്തരം കാര്യങ്ങൾ പേയ്‌മെന്റുകൾ ആവശ്യപ്പെടുന്നതിന് മുമ്പ് പ്രക്രിയിൽ കൂടുതൽ ആധികാരികത സൃഷ്ടിക്കാൻ തട്ടിപ്പുകാരെ സഹായിക്കുന്നു.

ഒരു തൊഴിലന്വേഷകൻ ഇത്തരമൊരു മെയിലിന് മറുപടി നൽകിക്കഴിഞ്ഞാൽ, അവർക്ക് ആവേശകരമായ ഒരു ജോലി അവസരം വാഗ്ദാനം ചെയ്യുകയും ജോലി ആരംഭിക്കുന്നതിന് മുമ്പ് ഒരു “പ്രോസസ്സിംഗ് ഫീസ്” അല്ലെങ്കിൽ “പരിശീലന ഫീസ്” അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. പശ്ചാത്തല പരിശോധനകൾ, പരിശീലനം അല്ലെങ്കിൽ ഉപകരണ ചെലവുകൾ എന്നിവയ്ക്ക് പോലും ഈ ഫീസ് ആവശ്യമാണെന്ന് തട്ടിപ്പുകാർ അവകാശപ്പെടുന്നു. പണം നൽകിക്കഴിഞ്ഞാൽ, ഈ ജോലി ഓഫർ അപ്രത്യക്ഷമാവുകയും തട്ടിപ്പുകാർ ഇരയുടെ പണവുമായി മുങ്ങുകയും ചെയ്യുന്നു.

ഈ രീതി പ്രത്യേകിച്ചും അപകടകരമാണ്, കാരണം വഞ്ചനാപരമായ ഇമെയിൽ വിലാസങ്ങൾ അത്യധികം വിശ്വസനീയമായ തരത്തിലുള്ളതായതിനാൽ ഏറെ ജാഗ്രത പുലർത്തുന്ന വ്യക്തികൾ പോലും ഇത്തരം തട്ടിപ്പുകൾക്ക് ഇരകളാകാം. ജോലി ഓഫറുകളുടെ, പ്രത്യേകിച്ച് മുൻകൂർ പണം ആവശ്യപ്പെടുന്നവയുടെ, സാധുത പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു.

സോഷ്യൽ മീഡിയ, ജോബ് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള തട്ടിപ്പുകൾ

സമീപ വർഷങ്ങളിൽ, പുതിയ ഇരകളെ കണ്ടെത്താൻ തട്ടിപ്പുകാർ സോഷ്യൽ മീഡിയയെയും ജോബ് പ്ലാറ്റ്ഫോമുകളെയും കൂടുതലായി ആശ്രയിക്കുന്നുണ്ട്.

സാധാരണ രീതിയിൽ, പ്രശസ്തമായ ഒരു കമ്പനിയിൽ നിന്നാണെന്ന് അവകാശപ്പെട്ട്, ആകർഷകമായ ഓഫറുകളുമായി തട്ടിപ്പുകാർ ജോലി അന്വേഷിക്കുന്നവരെ ബന്ധപ്പെടുന്നു. അവർ വ്യക്തികൾക്ക് സന്ദേശങ്ങൾ അയയ്ക്കുകയോ, ആളുകൾ സജീവമായി തൊഴിൽ അന്വേഷിക്കുന്ന ഗ്രൂപ്പുകളിലോ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ വ്യാജ ജോലി ലിസ്റ്റിംഗുകൾ പോസ്റ്റ് ചെയ്യുകയോ ചെയ്തേക്കാം. ഈ ലിസ്റ്റിംഗുകൾ പലപ്പോഴും ഉയർന്ന ശമ്പളമുള്ള സ്ഥാനങ്ങളും, കുറഞ്ഞ അനുഭവമോ വൈദഗ്ധ്യമോ ആവശ്യമുള്ള വർക്ക് ഫ്രം ഹോം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇത് പെട്ടെന്ന് ജോലി കിട്ടണമെന്ന് ആഗ്രഹിക്കുന്ന തൊഴിലന്വേഷകരെ തൽക്ഷണം ആകർഷിക്കുന്നു.

ഒരു വ്യക്തി താൽപ്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞാൽ, തട്ടിപ്പുകാരൻ ഒരു വ്യാജ KYC പ്രക്രിയ നടത്താൻ തുടങ്ങുന്നു. ഈ പ്രക്രിയകൾ പൂർണ്ണമായും വിശ്വസനീയമെന്ന് തോന്നുന്ന രീതിയിലായിരിക്കും നടത്തുക. അങ്ങനെ കൂടുതൽ വിശ്വാസം നേടിയെടുക്കുന്നു.  പരിശോധന നടത്തിയ ശേഷം, തൊഴിലന്വേഷകനെ തിരഞ്ഞെടുത്തുവെന്ന്  അറിയിക്കുന്നു. കുറച്ച് ടാസ്‌ക്കുകളോ അസൈൻമെന്റുകളോ പൂർത്തിയാക്കിയ ശേഷം ശമ്പളം ലഭിക്കുന്നതിന് ഒരു മുൻകൂർ തുക നൽകാൻ നിർദ്ദേശിക്കുന്നു. ഇത് “പേയ്‌മെന്റ് പ്രോസസ്സിംഗ് ഫീസ്” ആണെന്നോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിന്റെ വെരിഫിക്കേഷന്റെ ഭാഗമാണെന്നോ തട്ടിപ്പുകാരൻ അവകാശപ്പെട്ടേക്കാം. വിശ്വാസം നേടുന്നതിനായി അവർ അക്കൗണ്ടിലേക്ക് ചെറിയ തുകകൾ ക്രെഡിറ്റ് ചെയ്തേക്കാം. ക്രമേണ, അവർ വ്യക്തിയുമായുള്ള ആശയവിനിമയങ്ങൾ കുറച്ചുകൊണ്ടുവരും. പിന്നെ അവരെ ബന്ധപ്പെടാനേ സാധിക്കാത്ത സ്ഥിതിയാകും. ഈ തട്ടിപ്പുകളെ സംബന്ധിച്ച ഏറ്റവും ആശങ്കാജനകമായ കാര്യം, അവ പലപ്പോഴും വളരെ നന്നായി അവതരിപ്പിക്കുന്നതിനാൽ അവയ്ക്ക് നിയമസാധുതയുടെ ഒരു പുറംചട്ട ലഭിക്കുന്നു എന്നതാണ്. തൊഴിലന്വേഷകർക്ക് വ്യാജ കരാറുകൾ, ഔദ്യോഗികമായി തോന്നുന്ന തലക്കെട്ടുകൾ, ശമ്പള വാഗ്ദാനങ്ങൾ എന്നിവ ലഭിച്ചേക്കാം. പക്ഷേ അവർ പണം അയച്ചുകഴിഞ്ഞാൽപ്പിന്നെ, തട്ടിപ്പുകാരെ ബന്ധപ്പെടാൻ കഴിയാതാകുന്നു.

ശ്രദ്ധിക്കേണ്ട അപകടസൂചനകൾ

ഇത്തരം വഞ്ചനാപരമായ തന്ത്രങ്ങൾ തിരിച്ചറിയാൻ തൊഴിൽ തട്ടിപ്പിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ശ്രദ്ധിക്കേണ്ട ചില അപകടസൂചനകൾ ഇതാ:

  1. ആവശ്യപ്പെടാത്ത ജോലി ഓഫറുകൾ: നിങ്ങൾ ജോലിക്ക് അപേക്ഷിക്കാതെ ആരെങ്കിലും അപ്രതീക്ഷിതമായി നിങ്ങളെ സമീപിക്കുകയാണെങ്കിൽ, അത് ഒരു തട്ടിപ്പായിരിക്കാം.
  2. പണത്തിനായുള്ള അഭ്യർത്ഥനകൾ: ഒരു യഥാർഥ കമ്പനി ഒരിക്കലും നിങ്ങളോട് ജോലി ആരംഭിക്കുന്നതിനോ ശമ്പളം ലഭിക്കുന്നതിനോ പണം ആവശ്യപ്പെടില്ല. “പരിശീലന ഫീസ്”, “പശ്ചാത്തല പരിശോധന ഫീസ്” അല്ലെങ്കിൽ “മറ്റു ഫീസ്” എന്നിവയ്ക്കുള്ള അഭ്യർത്ഥനകളെക്കുറിച്ച് പ്രത്യേകിച്ചും ജാഗരൂകരായിരിക്കുക.
  3. യാഥാർഥ്യത്തിന് നിരക്കാത്ത വാഗ്ദാനങ്ങൾ : കുറഞ്ഞ പരിശ്രമമോ യോഗ്യതയോ ആവശ്യമുള്ള ഉയർന്ന ശമ്പളമുള്ള ജോലികൾ പോലുള്ള അയഥാർഥമായ വാഗ്ദാനങ്ങൾ നൽകി തട്ടിപ്പുകാർ പലപ്പോഴും ആളുകളെ ആകർഷിക്കുന്നു.
  4. വ്യാജ ഇമെയിൽ വിലാസങ്ങൾ: ഇമെയിൽ വിലാസങ്ങൾ എപ്പോഴും രണ്ടുതവണ പരിശോധിക്കുക. അധിക അക്ഷരങ്ങൾ, അക്കങ്ങൾ അല്ലെങ്കിൽ അസാധാരണമായ ഡൊമെയ്ൻ നാമങ്ങൾ പോലുള്ള ഔദ്യോഗിക ഡൊമെയ്നുകളിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.
  5. വേഗത്തിൽ പ്രവർത്തിക്കാനുള്ള സമ്മർദ്ദം: ചിന്തിക്കാനോ ഗവേഷണം നടത്താനോ മതിയായ സമയം തരാതെ പെട്ടെന്നു തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ, അത് ഒരു തട്ടിപ്പായിരിക്കാം.
  6. പ്രൊഫഷണലല്ലാത്ത ആശയവിനിമയം: തട്ടിപ്പുകാർ മോശം വ്യാകരണം, വിചിത്രമായ ഭാഷ അല്ലെങ്കിൽ നിങ്ങളുടെ പേര് ഉപയോഗിക്കാതെ പൊതുവായുള്ള അഭിവാദനം (“പ്രിയ തൊഴിലന്വേഷകാ” പോലുള്ളവ) ഉപയോഗിച്ചേക്കാം. ഇത് ഓഫർ വ്യാജമാണെന്ന സൂചന നല്കുന്നു.

സ്വയം എങ്ങനെ സംരക്ഷിക്കാം

തൊഴിൽ തട്ടിപ്പുകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, ഈ മുൻകരുതലുകൾ  പാലിക്കുക:

  • കമ്പനിയെക്കുറിച്ച് ഗവേഷണം നടത്തുക: എല്ലായ്പ്പോഴും കമ്പനി ഓൺലൈനിൽ നോക്കുകയും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുകയും ചെയ്യുക. ജോലിയുടെ സാധുത സ്ഥിരീകരിക്കുന്നതിന് ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ വഴി നേരിട്ട് അവരെ ബന്ധപ്പെടുക.
  • ജോലിക്ക് ഒരിക്കലും പണം നൽകരുത്: പ്രശസ്തരായ തൊഴിലുടമകൾ ജോലിക്കോ ശമ്പളം നല്കുന്നതിനോ വേണ്ടി  പണം ചോദിക്കില്ല. നിങ്ങളോട് പണം ആവശ്യപ്പെട്ടാൽ, അത് തട്ടിപ്പിന്റെ വ്യക്തമായ സൂചനയാണ്.
  • വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുക: കമ്പനികൾ യഥാർത്ഥ തൊഴിൽ അവസരങ്ങൾ പോസ്റ്റ് ചെയ്യുന്ന അറിയപ്പെടുന്ന ജോബ് ബോർഡുകളിലും കരിയർ പ്ലാറ്റ്‌ഫോമുകളിലും മാത്രം ജോലി അന്വേഷിക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നൽകുന്ന ഓഫറുകളെ സൂക്ഷിക്കുക, കാരണം അവിടെ നിയമസാധുത പരിശോധിക്കാൻ പ്രയാസമാണ്.
  • ഇമെയിൽ ഡൊമെയ്ൻ പരിശോധിക്കുക: മുഴുവൻ ഇമെയിൽ വിലാസവും നോക്കി അത് കമ്പനിയുടെ ഔദ്യോഗിക ഡൊമെയ്‌നിൽ നിന്നാണെന്ന് ഉറപ്പാക്കുക.
  • നിങ്ങളുടെ തോന്നലുകളെ  വിശ്വസിക്കുക: ജോലി വാഗ്ദാനത്തിൽ  എന്തെങ്കിലും അസ്വഭാവികത  തോന്നിയാൽ, ജാഗ്രത പാലിക്കുന്നതാണ് നല്ലത്. ഒരു യഥാർഥ ജോലി വാഗ്ദാനത്തിനും മുൻകൂട്ടി പണം അയയ്ക്കേണ്ടതില്ല.

ഉപസംഹാരം

തൊഴിൽ തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്. തട്ടിപ്പുകാർ അവരുടെ തന്ത്രങ്ങളിൽ കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ടിരിക്കുന്നു. ഔദ്യോഗിക കമ്പനി ഡൊമെയ്‌നുകളെ അനുകരിക്കുന്ന വ്യാജ ഇമെയിൽ വിലാസങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വഞ്ചനാപരമായ ജോലി ലിസ്റ്റിംഗുകളും അവിശ്വസനീയമാംവിധം ആളുകളുടെ വിശ്വാസം നേടിയെടുക്കുന്ന  തരത്തിലുള്ളതാണ്. തൊഴിലന്വേഷകർ ജാഗ്രത പാലിക്കുകയും കാര്യങ്ങളെ സംശയദൃഷ്ടിയോടെ നോക്കുകയും വേണം,  പ്രത്യേകിച്ചും ഓഫറുകൾ അയഥാർഥമായി തോന്നുമ്പോഴോ മുൻകൂട്ടി പണം നൽകേണ്ടിവരുമ്പോഴോ. ജോലി ഓഫറുകളുടെ സാധുത സമയമെടുത്ത് പരിശോധിക്കുക. ഈ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ സംരക്ഷിക്കുക.  അവബോധവും ജാഗ്രതയും പുലർത്തുന്നതിലൂടെ, നിങ്ങൾക്ക് സുരക്ഷിതമായ ഒരു തൊഴിലന്വേഷണ  അനുഭവം ഉറപ്പാക്കാനും ഒരു ജോലിക്കായുള്ള നിങ്ങളുടെ ആഗ്രഹം ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെ ഒഴിവാക്കാനും കഴിയും.

നിങ്ങൾ തൊഴിൽ തട്ടിപ്പിന് ഇരയായാൽ  എന്തുചെയ്യണം?

ഒരു തൊഴിൽ തട്ടിപ്പുകാരൻ PhonePe വഴി നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഉടൻ തന്നെ പ്രശ്നം ഇനിപ്പറയുന്ന രീതിയിൽ ഉന്നയിക്കാം:

  1. PhonePe ആപ്പ്: സഹായ വിഭാഗത്തിലേക്ക് പോയി “ഇടപാടിൽ ഒരു പ്രശ്നമുണ്ട്” എന്ന ഓപ്ഷന് കീഴിൽ ഒരു പ്രശ്നം ഉന്നയിക്കുക.
  2. PhonePe കസ്റ്റമർ കെയർ നമ്പർ: ഒരു പ്രശ്നം ഉന്നയിക്കാൻ നിങ്ങൾക്ക് PhonePe കസ്റ്റമർ കെയറിനെ 80–68727374 / 022–68727374 എന്ന നമ്പറിൽ വിളിക്കാം, അപ്പോൾ കസ്റ്റമർ കെയർ ഏജന്റ് ഒരു ടിക്കറ്റ് ഉന്നയിക്കുകയും നിങ്ങളുടെ പ്രശ്നത്തിൽ സഹായിക്കുകയും ചെയ്യും.
  3. Webform സമർപ്പിക്കൽ: PhonePe-യുടെ വെബ്‌ഫോമായ https://support.phonepe.com/ ഉപയോഗിച്ചും നിങ്ങൾക്ക് ഒരു ടിക്കറ്റ് സമർപ്പിക്കാം.
  4. സോഷ്യൽ മീഡിയ: PhonePe-യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി നിങ്ങൾക്ക് വഞ്ചനാപരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാം.

Twitter — https://twitter.com/PhonePeSupport

Facebook — https://www.facebook.com/OfficialPhonePe

5. പരാതി: നിലവിലുള്ള ഒരു പരാതിയിൽ ഒരു ആവലാതി റിപ്പോർട്ട് ചെയ്യുന്നതിന്, നിങ്ങൾക്ക് https://grievance.phonepe.com/ എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് മുമ്പ് ഉന്നയിച്ച ടിക്കറ്റ് ഐഡി പങ്കിടാം.

6. സൈബർ സെൽ: അവസാനമായി, നിങ്ങൾക്ക് അടുത്തുള്ള സൈബർ ക്രൈം സെല്ലിൽ തട്ടിപ്പ് പരാതികൾ റിപ്പോർട്ട് ചെയ്യാം. അല്ലെങ്കിൽ https://www.cybercrime.gov.in/ എന്ന വിലാസത്തിൽ ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാം. അതുമല്ലെങ്കിൽ 1930 എന്ന നമ്പറിൽ സൈബർ ക്രൈം സെൽ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാം.

പ്രധാന ഓർമ്മപ്പെടുത്തൽ — PhonePe ഒരിക്കലും രഹസ്യാത്മകമോ വ്യക്തിഗതമോ ആയ വിവരങ്ങൾ ആവശ്യപ്പെടില്ല. PhonePe-യിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന മെയിലുകൾ phonepe.com ഡൊമെയ്‌നിൽ നിന്നുള്ളതല്ലെങ്കിൽ അവഗണിക്കുക. തട്ടിപ്പാണെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, ദയവായി ഉടൻ അധികാരികളെ ബന്ധപ്പെടുക.

Keep Reading