PhonePe Blogs Main Featured Image

Trust & Safety

ഒരു മണി മ്യൂൾ ആകാതിരിക്കൂ : ഈ സാമ്പത്തികത്തട്ടിപ്പിനെപ്പറ്റി നിങ്ങൾ അറിയേണ്ടതെല്ലാം

PhonePe Regional|3 min read|01 March, 2025

URL copied to clipboard

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലൂടെ പെയ്മെൻറുകൾ സ്വീകരിക്കാനും ഫോർവേഡ് ചെയ്യാനും വേണ്ടി ആരെങ്കിലും നിങ്ങൾക്ക് ആഴ്ച തോറും 500 രൂപ വാഗ്ദാനം ചെയ്താലോ? സത്യമാകാൻ വഴിയില്ല എന്ന് തോന്നുന്നുണ്ടോ? ശരിയാണ് – സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്ന, അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണിത്.

നേരിട്ട് ഉൾപ്പെടാത്ത വിധത്തിൽ പണം വെളുപ്പിക്കുന്നതിനോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനോ വേണ്ടിയാണ് തട്ടിപ്പുകാർ മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. മ്യൂൾ അക്കൗണ്ടുകൾ എന്താണെന്നും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ആളുകൾക്കും കമ്പനികൾക്കും അവ അത്രത്തോളം ഭീഷണിയാകുന്നത് എന്തുകൊണ്ടാണെന്നും ഈ ബ്ലോഗിൽ നമുക്ക് പരിശോധിക്കാം.

എന്താണ് മണി മ്യൂൾ?

തട്ടിപ്പിന്റെയോ നിയമവിരുദ്ധ പ്രവർത്തനത്തിന്റെയോ ഭാഗമായി ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് മറ്റുള്ളവർക്കു വേണ്ടി പണം ട്രാൻസ്ഫർ അല്ലെങ്കിൽ “മ്യൂൾ” ചെയ്യുന്നവരെയാണ് മണി മ്യൂളുകൾ എന്ന് വിളിക്കുന്നത്. ഒരു മണി മ്യൂൾ അവരുടെ അക്കൗണ്ടിലേക്ക് ഫണ്ട് സ്വീകരിക്കുകയും പിന്നീട് അത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്നു. സാധാരണയായി ഒരു ഫീസിനോ അല്ലെങ്കിൽ പണം നല്കാമെന്ന വ്യാജവാഗ്ദാനത്തിന് വശംവദരായിട്ടോ ആണ് അവർ ഇത് ചെയ്യുന്നത്. ചില ആളുകൾ ഈ തട്ടിപ്പിന്റെ ഭാഗമാകാൻ അറിഞ്ഞുകൊണ്ട് മുന്നോട്ട് വരുമ്പോൾ മറ്റു ചിലർ കബളിപ്പിക്കപ്പെട്ട് ഈ കുറ്റകൃത്യത്തിന്റെ ഭാഗമാകുന്നു. 

ഉദാഹരണത്തിന്: ഒരു ഫിനാൻസ് അസിസ്റ്റന്റ് തസ്തികയിൽ ഒരു യഥാർത്ഥ ജോലി ഓഫർ പോലെ തോന്നിക്കുന്ന ഒരു ജോലി നിങ്ങൾക്ക് ലഭിക്കുന്നു. ചെയ്യേണ്ട ജോലി വളരെ ലളിതമാണ് – അന്താരാഷ്ട്ര പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യാൻ ഒരു കമ്പനിയെ സഹായിക്കുക. നിങ്ങൾ ഒരു മണി മ്യൂൾ ആയി മാറിയിരിക്കുന്നുവെന്നും ഇപ്പോൾ നിങ്ങൾ സങ്കീർണ്ണമായ ഒരു കള്ളപ്പണം വെളുപ്പിക്കൽ പ്രക്രിയയുടെ ഭാഗമാണെന്നും നിങ്ങൾ മനസ്സിലാക്കുന്നില്ല.

മ്യൂൾ അക്കൗണ്ടുകൾ സാധാരണയായി കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇവിടെ മോഷ്ടിക്കപ്പെട്ട പണം, അതിന്റെ ഉറവിടം മറയ്ക്കുന്നതിനായി പല അക്കൗണ്ടുകൾ വഴി അയയ്ക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം ട്രാൻസാക്ഷനുകളും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നത് അധികാരികൾക്ക് ബുദ്ധിമുട്ടാകുന്നു. ഫിഷിംഗ് സ്കീമുകൾ, ലോട്ടറി തട്ടിപ്പുകൾ അല്ലെങ്കിൽ നിക്ഷേപ തട്ടിപ്പുകൾ എന്നിവയുൾപ്പെടെയുള്ള തട്ടിപ്പുകളിലും ഈ അക്കൗണ്ടുകൾ ഉപയോഗിക്കപ്പെട്ടേക്കാം. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവരെ കബളിപ്പിച്ച് ഈ അക്കൗണ്ടുകളിലേക്കാണ് അവരെക്കൊണ്ട് പണം അയപ്പിക്കുന്നത്.

തട്ടിപ്പുകാർ അവരുടെ ശൃംഖലയ്ക്കു രൂപം കൊടുക്കുന്നതെങ്ങനെ

കുറ്റവാളികൾ സ്വയം വെളിപ്പെടുത്താതെ തന്നെ ഇരകൾക്കും മ്യൂളുകൾക്കും ഇടയിൽ ശ്രദ്ധാപൂർവ്വം ഇടപാടുകൾ  നടത്തുന്ന പ്രക്രിയയെയാണ് മണി മ്യൂൾ നെറ്റ്‌വർക്കുകൾ എന്നു പറയുന്നത്. ഈ തട്ടിപ്പിന്റെ സങ്കീർണ്ണമായ കണ്ണികളെ ഏകോപിപ്പിക്കുന്ന “മ്യൂൾ കൺട്രോളർമാർ” അല്ലെങ്കിൽ “റിക്രൂട്ടർമാർ” ആണ് ഇതിന്റെ ചുക്കാൻ പിടിക്കുന്നത്.

മ്യൂൾ കൺട്രോളർമാരുടെ പ്രവർത്തനം എങ്ങനെയാണ്?

1. റിക്രൂട്ട്മെന്റ്: നേരിട്ടു ബന്ധപ്പെടുക, “എളുപ്പത്തിൽ പണം” വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ, വ്യാജ ജോലി അവസരങ്ങൾ, അല്ലെങ്കിൽ സോഷ്യൽ മീഡിയ എന്നിവയിലൂടെയാണ് തട്ടിപ്പുകാർ മ്യൂളുകൾ ആകാൻ സാധ്യതയുള്ളവരെ തിരിച്ചറിയുന്നത്. ഒറ്റനോട്ടത്തിൽ ഇവ നിയമാനുസൃത അവസരങ്ങളാണെന്ന് തോന്നുമെങ്കിലും സത്യത്തിൽ അവ വ്യക്തികളെ മ്യൂളുകളാക്കി മാറ്റാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്.

2. ഫണ്ട് ശേഖരണം: മ്യൂൾ അക്കൗണ്ട് സജ്ജീകരിച്ചുകഴിഞ്ഞാൽ, പലപ്പോഴും തട്ടിപ്പുകൾ, വഞ്ചന, അല്ലെങ്കിൽ മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ എന്നിവയിൽ നിന്ന് കിട്ടുന്ന ഫണ്ടുകൾ മ്യൂളിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടുന്നു. വയർ ട്രാൻസ്ഫറുകളിലൂടെയോ ഓൺലൈൻ പേയ്‌മെന്റ് രീതികളിലൂടെയോ ആയിരിക്കും ഇത് ചെയ്യുന്നത്.

3. പണ കൈമാറ്റം: അതിനുശേഷം തട്ടിപ്പുകാരൻ മ്യൂളിനോട് മറ്റൊരു അക്കൗണ്ടിലേക്കോ ക്രിപ്‌റ്റോകറൻസി വാലറ്റിലേക്കോ പണം ട്രാൻസ്ഫർ ചെയ്യാൻ നിർദ്ദേശിച്ചേക്കാം. പലപ്പോഴും രാജ്യത്തിന് പുറത്തുള്ള അക്കൗണ്ടുകളിലേക്കായിരിക്കും ഇത്തരത്തിൽ പണം ട്രാൻസ്ഫർ ചെയ്യുന്നത്. ചില സന്ദർഭങ്ങളിൽ, പണം മറ്റൊരു കറൻസിയിലേക്ക് മാറ്റാനോ ഈ പണം ഉപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാനുള്ള സാധനങ്ങൾ വാങ്ങാനോ പോലും തട്ടിപ്പുകാർ മ്യൂളുകളെ പ്രേരിപ്പിക്കുന്നു.

4. പണ കൈമാറ്റങ്ങളുടെ വഴികൾ മറയ്ക്കൽ: പണം നിരവധി മ്യൂൾ അക്കൗണ്ടുകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നതുകൊണ്ടുതന്നെ, നിയമവിരുദ്ധ ഫണ്ടുകൾ എവിടെ നിന്ന് വരുന്നു എന്ന് കണ്ടെത്തുന്നത് അന്വേഷകർക്ക് ബുദ്ധിമുട്ടാകുന്നു. പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കുന്ന തരത്തിൽ സാമ്പത്തിക ഇടപാടുകളുടെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു പാത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് അവർ ഇത് ചെയ്യുന്നത്.

തട്ടിപ്പുകാർ എങ്ങനെയാണ് മ്യൂളുകളെ റിക്രൂട്ട് ചെയ്യുന്നത്?

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരെയോ പണം സമ്പാദിക്കാനുള്ള എളുപ്പവഴികൾ തേടുന്നവരെയോ ആണ് തട്ടിപ്പുകാർ പലപ്പോഴും ലക്ഷ്യമിടുന്നത്.  സാധാരണയായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ചില റിക്രൂട്ട്മെന്റ് തന്ത്രങ്ങൾ താഴെപ്പറയുന്നവയാണ്:

  • വ്യാജ ജോലി ഓഫറുകൾ: തട്ടിപ്പുകാർ പലപ്പോഴും വ്യാജ ജോലികൾ പരസ്യപ്പെടുത്തുന്നു, ഇവ അധികവും വിദൂരജോലികൾ അല്ലെങ്കിൽ വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികൾ ആയിരിക്കും. കുറഞ്ഞ അധ്വാനം, എളുപ്പത്തിലുള്ള പണം, അല്ലെങ്കിൽ കമ്മീഷൻ അടിസ്ഥാനമാക്കിയുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നവയായിരിക്കും ഈ ജോലികൾ. ഇര സമ്മതിച്ചുകഴിഞ്ഞാൽ, ഫണ്ട് സ്വീകരിക്കുന്നതിനും കൈമാറുന്നതിനും ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ തട്ടിപ്പുകാർ അവരോട് ആവശ്യപ്പെടും.
  • നിക്ഷേപ, ലോട്ടറി തട്ടിപ്പുകൾ: ലോട്ടറി നേടിയെന്നോ നിക്ഷേപത്തിനുള്ള ഒരു അവസരം ഉണ്ടെന്നോ തട്ടിപ്പുകാർ ഇരകളെ വിശ്വസിപ്പിക്കുന്നു. തുടർന്ന് ഇരയോട് ഫണ്ട് സ്വീകരിക്കുന്നതിനായി ഒരു അക്കൗണ്ട് തുറക്കാൻ നിർദ്ദേശിക്കുന്നു. എന്നിട്ട് ആ അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗിക്കുന്നു.
  • അടിയന്തര സാഹചര്യങ്ങൾ: ചില തട്ടിപ്പുകാർ ഇര തങ്ങൾക്ക് പണം നൽകാനുണ്ടെന്ന് അവകാശപ്പെടുന്നു.  തങ്ങളോട് സഹകരിക്കുകയും ഫണ്ട് കൈമാറ്റത്തിന് സഹായിക്കുകയും ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി ചില തട്ടിപ്പുകാർ അവരുടെ ഭയവും വെപ്രാളവും മുതലെടുക്കുന്നു.

ഒരു മ്യൂൾ ആകുന്നതിന്റെ അപകടസാധ്യതകളും അനന്തരഫലങ്ങളും 

ചിലർ മണി മ്യൂളുകൾ ആകാൻ സ്വമേധയാ മുന്നോട്ടുവരുമ്പോൾ, മറ്റു പലരും അറിയാതെ  അതിൽ പെട്ടു പോകുകയാണ്. എങ്ങനെയായാലും, മ്യൂൾ അക്കൗണ്ടുകളുമായി ബന്ധപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും:

1. നിയമപരമായ അനന്തരഫലങ്ങൾ

  • കള്ളപ്പണം വെളുപ്പിക്കലിനും വഞ്ചനയ്ക്കും ക്രിമിനൽ കുറ്റാരോപണം
  • ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യത
  • ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടാം, നിങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക സേവനങ്ങളിൽ നിയന്ത്രണമുണ്ടായേക്കാം

2. സാമ്പത്തിക നഷ്ടം

  • ധനനഷ്ടം
  • നിയമപ്രശ്നങ്ങളുമായി  ബന്ധപ്പെട്ട ചെലവുകൾ
  • പിഴകൾ ചുമത്തപ്പെടാൻ സാധ്യത 
  • ക്രെഡിറ്റ് റേറ്റിംഗിന് ദീർഘകാല ഹാനി

മണി മ്യൂൾ തട്ടിപ്പുകൾ എങ്ങനെ ഒഴിവാക്കാം

  • ഓൺലൈനിൽ അജ്ഞാത വ്യക്തികളുമായി ഇടപഴകുന്നത് ഒഴിവാക്കുക
  • മറ്റൊരാൾക്ക് വേണ്ടി ബാങ്ക് അക്കൗണ്ട് തുറക്കരുത്
  • നിങ്ങളുടെ ഡെബിറ്റ് കാർഡ്, പാസ്ബുക്ക് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് ആപ്പ് പാസ്‌വേഡ് ആർക്കും കൊടുക്കരുത്
  • നിങ്ങളുടെ മൊബൈൽ ബാങ്കിംഗ് പാസ്‌വേഡ് ഇടയ്ക്കിടെ മാറ്റുക
  • മറ്റ് അജ്ഞാത അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യേണ്ട ജോലി ഓഫറുകൾ സ്വീകരിക്കരുത്
  • പണം സ്വീകരിക്കാനോ കൈമാറ്റം ചെയ്യാനോ വേണ്ടി നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാൻ  മറ്റുള്ളവരെ അനുവദിക്കരുത്
  • ലഭിച്ച തുകയുടെ ഭാഗം മറ്റെവിടെയെങ്കിലും കൈമാറാൻ ആവശ്യപ്പെടുന്ന ഏതൊരു അവാർഡ് തുകയും സ്വീകരിക്കരുത്
  • OTP, CVV, അല്ലെങ്കിൽ പാസ്‌വേഡ് പോലുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ പങ്കിടരുത്.
  • അവിശ്വസനീയമായ ഓഫറുകൾ, വിലകുറഞ്ഞ ഡീലുകൾ, കിഴിവുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കുക.
  • നിങ്ങളുടെ അക്കൗണ്ട് ഇടപാടുകൾ പതിവായി പരിശോധിക്കുകയും ഏതെങ്കിലും അസാധാരണ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബാങ്കുകളെ അറിയിക്കുകയും ചെയ്യുക.
  • ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്ക് SMS/ഇമെയിൽ/IVR വഴി ബാങ്കുകളിൽ നിന്നുള്ള ആശയവിനിമയങ്ങൾ പിന്തുടരുക.

നിങ്ങൾ ഒരു മണി മ്യൂൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, PhonePe യിൽ ഈ പ്രശ്നം എങ്ങനെ ഉന്നയിക്കാം?

PhonePe വഴി ഒരു തട്ടിപ്പുകാരൻ നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഉടൻ തന്നെ ഈ പ്രശ്നം താഴെ പറയുന്ന രീതികളിൽ ഉന്നയിക്കാം:

  1. PhonePe ആപ്പ്: സഹായ വിഭാഗത്തിലേക്ക് പോയി “ഇടപാടിൽ ഒരു പ്രശ്നമുണ്ട്” എന്ന ഓപ്ഷന് കീഴിൽ ഒരു പ്രശ്നം ഉന്നയിക്കുക.
  2. PhonePe കസ്റ്റമർ കെയർ നമ്പർ: ഒരു പ്രശ്നം ഉന്നയിക്കാൻ നിങ്ങൾക്ക് PhonePe കസ്റ്റമർ കെയറിനെ 80–68727374 / 022–68727374 എന്ന നമ്പറിൽ വിളിക്കാം, അപ്പോൾ കസ്റ്റമർ കെയർ ഏജന്റ് ഒരു ടിക്കറ്റ് ഉന്നയിക്കുകയും നിങ്ങളുടെ പ്രശ്നത്തിൽ സഹായിക്കുകയും ചെയ്യും.
  3. Webform സമർപ്പിക്കൽ: PhonePe-യുടെ വെബ്‌ഫോമായ https://support.phonepe.com/ ഉപയോഗിച്ചും നിങ്ങൾക്ക് ഒരു ടിക്കറ്റ് സമർപ്പിക്കാം.
  4. സോഷ്യൽ മീഡിയ: PhonePe-യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി നിങ്ങൾക്ക് വഞ്ചനാപരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാം.

Twitter — https://twitter.com/PhonePeSupport

Facebook — https://www.facebook.com/OfficialPhonePe

5. പരാതി: നിലവിലുള്ള ഒരു പരാതിയിൽ ഒരു ആവലാതി റിപ്പോർട്ട് ചെയ്യുന്നതിന്, നിങ്ങൾക്ക് https://grievance.phonepe.com/ എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് മുമ്പ് ഉന്നയിച്ച ടിക്കറ്റ് ഐഡി പങ്കിടാം.

6. സൈബർ സെൽ: അവസാനമായി, നിങ്ങൾക്ക് അടുത്തുള്ള സൈബർ ക്രൈം സെല്ലിൽ തട്ടിപ്പ് പരാതികൾ റിപ്പോർട്ട് ചെയ്യാം. അല്ലെങ്കിൽ https://www.cybercrime.gov.in/ എന്ന വിലാസത്തിൽ ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാം. അതുമല്ലെങ്കിൽ 1930 എന്ന നമ്പറിൽ സൈബർ ക്രൈം സെൽ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാം.

7. DOT: ഒരു ഡിജിറ്റൽ കുറ്റകൃത്യം നടന്നിട്ടില്ലെങ്കിലും, നിങ്ങൾ അങ്ങനെ സംശയിക്കുന്നുണ്ടെങ്കിൽ, എന്തായാലും റിപ്പോർട്ട് ചെയ്യുക. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സഞ്ചാർ സാഥി പോർട്ടലിൽ (sancharsaathi.gov.in) Chakshu(ചക്ഷു)  എന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്. സന്ദേശങ്ങൾ, കോളുകൾ, വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ എന്നിവ വ്യാജമാണെന്ന് സംശയിക്കുന്നുവെങ്കിൽ അവിടെ അവ റിപ്പോർട്ട് ചെയ്യാൻ കഴിയും.

പ്രധാന ഓർമ്മപ്പെടുത്തൽ — PhonePe ഒരിക്കലും രഹസ്യാത്മകമോ വ്യക്തിഗതമോ ആയ വിവരങ്ങൾ ആവശ്യപ്പെടില്ല. PhonePe-യിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന മെയിലുകൾ phonepe.com ഡൊമെയ്‌നിൽ നിന്നുള്ളതല്ലെങ്കിൽ അവഗണിക്കുക. തട്ടിപ്പാണെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, ദയവായി ഉടൻ അധികാരികളെ ബന്ധപ്പെടുക.

Keep Reading